Wednesday, January 15, 2014

കഥ 

                        അന്നൊരിക്കല്‍ 

ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് ബ്രീഫ്കേസുമായി പുറത്തിറങ്ങി.
"കൊച്ചിയിലേക്കുള്ള വിമാനം നാളെ രാവിലെയായതിനാല്‍ ഇന്ന് രാത്രി ജുഹു ബീച്ചിലെ ഹോട്ടല്‍ ഹൊരൈസനില്‍ നിങ്ങള്‍ക്ക് അന്തിയുറങ്ങാം." ഹോട്ടലിലേക്കുള്ള വൗച്ചര്‍ കയ്യില്‍ തന്നുകൊണ്ട് കൌണ്ടറിലെ സുന്ദരി മൊഴിഞ്ഞു.

പുറത്തുള്ള പോലീസ് പോസ്റ്റില്‍ നിന്ന് വിളിച്ചുതന്ന ടാക്സി കാറില്‍ കയറിയപ്പോള്‍ പോലീസ്കാരന്‍ പറഞ്ഞു.
"അഞ്ചു മിനിറ്റ് കൊണ്ട് ഹോട്ടലിലെത്താം".

ഹോട്ടലില്‍ ചെന്ന് ചൂടുവെള്ളത്തില്‍ ഒരു കുളി. അല്‍പ്പം ഭക്ഷണം, നേരെ ജുഹു ബീച്ചിലേക്കിറങ്ങി ആളൊഴിയുന്നത്
വരെ ബീച്ചില്‍, ജുഹുവിലെ പ്രണയപരിഭവങ്ങള്‍ കേള്‍ക്കണം, കാണണം; ഞാന്‍ മനസ്സില്‍ പദ്ധതികള്‍  തയ്യാറാക്കുകയായിരുന്നു.

വാച്ചില്‍ നോക്കി. കാറിലിരിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് മിനിറ്റായി. ജുഹുവില്‍ എത്തേണ്ട സമയം കഴിഞ്ഞല്ലോയെന്ന സംശയം മനസ്സില്‍.

"ജുഹു ബീച്ചിലെക്കല്ലേ പോകുന്നത് ? ഹോട്ടല്‍  ഹൊറയിസന്‍ അറിയില്ലേ ?" എന്റെ ചോദ്യത്തിന് ടാക്സി ഡ്രൈവറുടെ നിഷ്കളംഗമായ മറുപടി "എനിക്കറിയില്ല സാബ്, ജുഹു ബീച്ചും ഹോട്ടലും ".

ഡ്രൈവറുടെ നിഷ്കളങ്ക ഭാവത്തിന് കീഴെ പതിയിരിക്കുന്ന അപകടം മനസ്സില്‍ കാണാനെനിക്ക് കഴിഞ്ഞു.
ആത്മസംയമനം പാലിച്ചുകൊണ്ട്‌ ഞാന്‍ പുറത്തേക്ക് നൊക്കിയിരുന്നു.പിന്നിലേക്ക്‌ പാഞ്ഞ്പോകുന്ന ബോര്‍ഡുകളില്‍ നിന്നെനിക്ക്‌ മനസ്സിലായി, ബാന്ദ്രയിലെത്തിയെന്ന്.ബാന്ദ്രയിലെ ഇരുണ്ട ഗലികളിലേക്കൊന്നില്‍ എന്നെ കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രത്യാശയില്‍ വണ്ടി പായിക്കുന്ന ഡ്രൈവര്‍.

എങ്ങനെ അവന്‍റെ കെണിയില്‍ നിന്ന് രക്ഷപ്പെടാം എന്ന ആലോചനയിലായിരുന്നു എന്‍റെ മനസ്സ്.പെട്ടെന്നാണ് ഞാന്‍ കണ്ടത്, റോഡരികിലൂടെ സംസാരിച്ചുകൊണ്ട് നടന്നുവരുന്ന നാല് ചെറുപ്പക്കാരെ. അവസരത്തിനൊത്ത് എന്റെ മനസ്സുണര്‍ന്നു.പുറത്തേക്ക് കയ് വീശി ചിരിച്ചുകൊണ്ട് അവരെ നോക്കി ഞാന്‍ ഉറക്കെ വിളിച്ചു.
"ഹലോ ഫ്രന്‍സ് ".അവരും എന്നെ നോക്കി കൈ വീശിപ്പറഞ്ഞു."ഹലോ ".
"ഡയ്റോ ഡയ്റോ " ഞാന്‍ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ഉറക്കെ പറഞ്ഞു. ഡ്രൈവര്‍ വണ്ടി നിര്‍ത്തി.
അവര്‍ നാലുപേരും ഓടിയെത്തി. കാറിന്റെ ഡോര്‍ തുറന്ന് പിടിച്ച് വണ്ടിയിലിരുന്ന് കൊണ്ട് ഞാനവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു. അവര്‍ ഡോര്‍ തുറന്ന് ഡ്രൈവറെ വലിച്ച്  പുറത്തിറക്കി വിവരങ്ങള്‍ ചോദിച്ചു.
ഇരുപത്തിമൂന്ന്‌ കൊല്ലമായി മുംബയില്‍ ടാക്സിയോടിക്കുന്ന അന്നാട്ടുകാരനായ ഡ്രൈവര്‍ ജുഹു ബീച്ചും ഹോട്ടലും അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ അയാളെ അടിക്കാനൊരുങ്ങി. അവര്‍  എന്റെ ലഗ്ഗേജ് കാറില്‍ നിന്നിറക്കി മറ്റൊരു റ്റാക്സി വിളിച്ച് എന്നെ യാത്രയാക്കി.

രാത്രി ജുഹു ബീച്ചില്‍ ഇളം കാറ്റേറ്റിരിക്കുമ്പോഴും ഐസ്ക്രീം നുണഞ്ഞ് നടക്കുമ്പോഴും നടുക്കുന്ന ഓര്‍മയായി ആ റ്റക്സിയാത്ര മനസ്സിലുണ്ടായിരുന്നു.

No comments:

Post a Comment